07:37am 19 November 2026
NEWS
മലയാളിയുടെ കുടുംബ ബജറ്റ് താളംതെറ്റി; കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ
19/11/2026  04:49 AM IST
nila
മലയാളിയുടെ കുടുംബ ബജറ്റ് താളംതെറ്റി; കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമായി ഉയരുന്നതോടെ കേരളത്തിലെ കുടുംബബജറ്റുകൾ താളംതെറ്റുന്നു. ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയെയും മറികടന്നിരിക്കുകയാണ് കേരളം. രാജ്യത്തെ ഭക്ഷ്യവിലക്കയറ്റ നിരക്ക് 9.94 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് ഇത് 10.92 ശതമാനമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്തുവന്നതോടെ വിലക്കയറ്റത്തിന്റെ രൂക്ഷതയും വ്യക്തമായി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭക്ഷ്യവിലക്കയറ്റം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. 13.23 ശതമാനവുമായി ആന്ധ്രപ്രദേശാണ് പട്ടികയിൽ ഒന്നാമത്. തമിഴ്നാട് (12.37%), കർണാടക (12.11%), തെലങ്കാന (11.66%) എന്നിവയും കേരളത്തിന് മുന്നിലുണ്ട്.

പലവ്യഞ്ജന വിപണിയിലെ വിലവർധനയാണ് ഉപഭോക്താക്കളെ ഏറ്റവുമധികം വലയ്ക്കുന്നത്. അരിയുടെ വിവിധ ഇനങ്ങൾക്കും പലവ്യഞ്ജനങ്ങൾക്കും 40 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. ചില സാധനങ്ങളുടെ വില നൂറു ശതമാനത്തിലേറെയും വർധിച്ചു. വറ്റൽമുളകിന്റെ കിലോവില 330 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 130 രൂപയാണ് കൂടിയത്.

ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയിൽനിന്ന് 220 രൂപയായി ഉയർന്നപ്പോൾ സവാളയ്ക്ക് 40 രൂപയായിരുന്നത് 80 രൂപയായി. വെളുത്തുള്ളിയുടെ വിലയും കുത്തനെ വർധിച്ചു. 100 രൂപയിൽനിന്ന് 260 രൂപയിലേക്കാണ് ഉയർന്നത്. പഞ്ചസാര, തുവരപ്പരിപ്പ്, മല്ലി, ജീരകം, പയറുവർഗങ്ങൾ, മഞ്ഞൾ, ഉലുവ, കടുക് തുടങ്ങിയവയ്ക്കും 20 മുതൽ 40 രൂപ വരെ അധികം നൽകണം. ഭക്ഷ്യപ്പൊടികൾ വാങ്ങുമ്പോൾ പാക്കിങ്, ബ്രാൻഡിങ് ചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ 30-40 രൂപയുടെ അധികഭാരവുമുണ്ട്.

കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും കാർഷിക ഉൽപ്പാദനത്തെ ബാധിച്ചതാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. മഴ ലഭിക്കാത്തതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ കൃഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വിപണിയിലെ ലഭ്യതയെ ബാധിച്ചു. രാജ്യത്തെ അണക്കെട്ടുകളിലെ ജലശേഖരത്തിന്റെ കുറവും ആശങ്ക വർധിപ്പിക്കുന്നുണ്ട്. നവംബർ 11-ലെ കേന്ദ്ര ജലകമ്മിഷൻ കണക്കനുസരിച്ച് 178 അണക്കെട്ടുകളിലായി 37 ശതമാനം ജലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ചെലവ്

വിലക്കയറ്റത്തിന്റെ പ്രതിഫലനം കുടുംബങ്ങളുടെ പ്രതിമാസ ചെലവുകളിൽ പ്രകടമാണ്. നാലംഗ കുടുംബത്തിന് കഴിഞ്ഞ വർഷം ഇതേ സമയത്ത് പലവ്യഞ്ജനങ്ങൾ വാങ്ങാൻ ചെലവായിരുന്ന തുകയുടെ ഇരട്ടിയോളം ഇപ്പോൾ വേണ്ടിവരുന്ന അവസ്ഥയാണ്. അരിയുടെ വിലവർധന മാത്രം പ്രതിമാസ ബജറ്റിൽ 500 മുതൽ 600 രൂപ വരെ അധിക ചെലവുണ്ടാക്കുന്നു.

വിലക്കയറ്റത്തിനിടയിലും സപ്ലൈകോ ഔട്ട്ലറ്റുകളാണ് സാധാരണക്കാർക്ക് ആശ്വാസമാകുന്നത്. സംസ്ഥാനത്തെ 1,600 ഔട്ട്ലറ്റുകൾ വഴി 13 സബ്സിഡി ഉൽപ്പന്നങ്ങളിൽ പലതും കുറഞ്ഞ വിലയിൽ ലഭ്യമാണ്. എന്നാൽ പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില തുടർച്ചയായി ഉയരുന്നത് കുടുംബങ്ങളുടെ സാമ്പത്തിക നിലയെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img